Latest Updates

ഇക്കാലത്ത് പലരേയും അലട്ടുന്ന ഒരു പ്രശ്‌നമാണ് കഴുത്ത് വേദന. എന്നാല്‍ കഴുത്തുവേദനയെ അത്ര നിസാരമായി കാണരുത്. നിത്യജീവിതത്തില്‍ പലതരം കാരണങ്ങള്‍ കൊണ്ടാണ് കഴുത്തുവേദന ഉണ്ടാകുന്നത്. കൂടുതല്‍ കരുതലും ശ്രദ്ധയും നല്‍കിയാല്‍ ഒരു പരിധിവരെ കഴുത്ത് വേദന പരിഹരിക്കാനാകും.

പലകാരണങ്ങള്‍ക്കൊണ്ട് കഴുത്തു വേദന ഉണ്ടാകാറുണ്ടെങ്കിലും കൂടുതലായി കണ്ടുവരാറുള്ള ചില കാരണങ്ങളെന്തൊക്കെയെന്ന് അറിയൂ.. ഏറെ ശ്രദ്ധയോടെ പരിചരിക്കേണ്ടതുണ്ട് കഴുത്തിനെ. ഏഴ് കശേരുക്കളാണ് കഴുത്തില്‍ തലയെ താങ്ങിനിര്‍ത്തുന്നത്.

കഴുത്തിന്റെ എല്ലിന് തേയ്മാനം വന്നാല്‍ കഠിനമായ കഴുത്ത് വേദന അനുഭവപ്പെടാം. കഴുത്തിലെ രക്തക്കുഴലുകള്‍ക്ക് ക്ഷതംസംഭവിച്ചാലും കഴുത്ത് വേദനിക്കാറുണ്ട്. തലയെ താങ്ങി നിര്‍ത്തുന്നത് കഴുത്ത് ആയതുകൊണ്ടുതന്നെ തലയിലോ കൈയിലോ അമിതമായി ഭാരം ചുമന്നാലും കഴുത്ത് വേദന അനുഭവപ്പെടാനുള്ള സാധ്യതയുണ്ട്. വിശ്രമമില്ലാതെ ജോലി ചെയ്യുന്നവര്‍ക്കും കഴുത്ത് വേദന ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്.

ഇതുമാത്രമല്ല സ്ഥരിമായി ഒരേ ദിശയിലേക്ക് മാത്രം ശ്രദ്ധ ചെലുത്തിക്കൊണ്ടുള്ള ജോലി ചെയ്യുന്നവര്‍ക്കും കഴുത്ത് വേദന ഉണ്ടാകാനുളള സാധ്യത ഉണ്ട്. അമിതമായി തണുപ്പ് കഴുത്തില്‍ ഏല്‍ക്കുന്നതും കഴുത്ത് വേദനയ്ക്ക് പലപ്പോഴും കാരണമാകാറുണ്ട്.

അതേസമയം സ്ഥിരമായി കഴുത്ത് വേദന അനുഭവിക്കുന്നവര്‍ വൈദ്യ പരിശോധനയിലൂടെ കഴുത്ത് വേദനയുടെ യഥാര്‍ത്ഥകാരണം കണ്ടെത്തേണ്ടത് അനിവാര്യമാണ്. കൃത്യസമയത്ത് ആവശ്യമായ ചികിത്സയും ശ്രദ്ധയും ലഭ്യമാക്കിയാല്‍ കഴുത്തുവേദനയെ ഭയപ്പെടേണ്ടതില്ല.  

Get Newsletter

Advertisement

PREVIOUS Choice